ഓലിയരിക് വെള്ളച്ചാട്ടം
ഏരൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ആർച്ചൽ ഓലിയരികിലാണ് ഈ ചെറു വെള്ളച്ചാട്ടം. അയിലറയിൽനിന്ന് ഒഴുകിവരുന്ന ചെറുതോട് ഓലിയരികിൽ പാറക്കെട്ടുകളിലൂടെ പതിച്ചാണ് വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വിനോദസഞ്ചാരത്തിന് സാധ്യത ഒരുക്കിവച്ചിട്ടുള്ള ഈ ജലപാതം പക്ഷേ കാണേണ്ടവർ ഇനിയും കണ്ടിട്ടില്ല. പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാവുന്ന ഈ വെള്ളച്ചാട്ടം കിഴക്കൻ മലനിരകളിലുള്ള പാലരുവിക്കും കുംഭാവുരുട്ടിക്കും അനുബന്ധമായി
വികസിപ്പിക്കാവുന്നതാണ്.
പാറക്കെട്ടുകളിലൂടെ രണ്ട് തട്ടുകളായാണ് ഇവിടത്തെ വെള്ളച്ചാട്ടം. കുളിക്കാൻ സൗകര്യത്തിലുള്ള സ്ഥലവും പാറക്കെട്ടുകൾക്കിടയിലുണ്ട്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലാണീ വെള്ളച്ചാട്ടം. വയലുകളുടെയും തോടിന്റെയും മധ്യത്തിലൂടെ ഇവിടേക്കുള്ള ഒറ്റയടിപ്പാത മറ്റൊരാകർഷണമാണ്. നാട്ടുകാരും പരിസരപ്രദേശങ്ങളിലുള്ളവരുംമാത്രമേ ഇവിടെ എത്താറുള്ളൂ. അഞ്ചൽ-പുനലൂർ പാതയിൽ മാവിള ആർച്ചൽ ഗുരുമന്ദിരം ജങ്ഷൻ വഴിയും ഏരൂർ നെട്ടയം കോണത്ത് ജങ്ഷൻ വഴിയും ഇവിടെയെത്താം.
No comments:
Post a Comment